Verification: ce991c98f858ff30

‘കട്ടപ്പുറത്തെ കേരള സർക്കാർ’; ധവളപത്രം പുറത്തിറക്കി യുഡിഎഫ്

തിരുവനന്തപുരം: ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന് പേരിട്ടിരിക്കുന്ന ധവളപത്രം യുഡിഎഫ് പുറത്തുവിട്ടു.

കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന് യുഡിഎഫ് ആരോപിക്കുന്ന ധവളപത്രത്തിൽ ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണെന്നാണ് ആരോപണം. സംസ്ഥാന സർക്കാരിൻ്റെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവും മൂലം കേരളം തകർന്നിരിക്കുകയാണെന്നും ഈ സ്ഥിതിയാണെങ്കിൽ കടം ഭാവിയിൽ നാല് ലക്ഷം കോടിയിൽ എത്തുമെന്നും വിമർശനമുണ്ട്.

കേന്ദ്രസർക്കാരിൻ്റെ വികലമായ നയങ്ങളെയും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്.

കേരളത്തിൻ്റെ പോക്ക് അപകടകരമായ സ്ഥിതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.

നാല് ലക്ഷം കോടി രൂപയുടെ കടമാണ് നിലവിൽ കേരള സർക്കാരിനുള്ളത്. ജി എസ് ഡി പിയേക്കാൾ 39.1 ശതമാനമാണ് പൊതുകടം. നികുതി വരുമാനം കുറഞ്ഞു. 71,000 കോടി നികുതി പ്രതീക്ഷിച്ചതിൽ 13,000 കോടി കുറവുണ്ടായി. കിഫ്ബി വൻ പരാജയമാണെന്നും യുഡിഎഫ് വിമർശിക്കുന്നു.

നികുതി പിരിവിൽ കെടുകാര്യസ്ഥതയുണ്ടെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

ജിഎസ്ടി കൊണ്ട് നികുതി കുറഞ്ഞു. നികുതി പിരിവ് സംവിധാനം പുന:സംഘടിപ്പിക്കുമെന്നത് പ്രഖ്യാപനം മാത്രമാണ്. 70,000 കോടി രൂപയുടെ നഷ്ടമുണ്ടായി. 8000 കോടി രൂപ സാമൂഹ്യ സുരക്ഷാ പദ്ധതിയായി സർക്കാർ നൽകാനുണ്ട്. അഴിമതിയും ധൂർത്തും നടക്കുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും ദുരിതമാണ്. തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്തു നെരിച്ച് കൊല്ലുന്നുവെന്നും നേതാക്കൾ വിമർശിക്കുന്നു. കേരളത്തിൽ നികുതിയില്ലാതെ സ്വർണം വിൽക്കുന്നുവെന്നാണ് മറ്റൊരു വിമർശനം. കോയമ്പത്തൂരിൽ നിന്ന് സ്വർണം കടത്തുന്നു. നികുതി വെട്ടിപ്പ് പിടികൂടാൻ സർക്കാരിൻ്റെ ഭാഗത്ത് നടപടിയില്ലെന്നും വിഡി സതീശൻ വിമർശിച്ചു.

Leave A Reply

Your email address will not be published.