Verification: ce991c98f858ff30

മലപ്പുറം ജില്ലയിൽ രണ്ട് പേ‍ർക്ക് കോളറ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിൽ രണ്ട് പേ‍ർക്ക് കോളറ സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളുമായി 14 പേർ കൂടി ജില്ലയിൽ ചികിത്സ തേടിയിട്ടുണ്ട്.വഴിക്കടവ് പഞ്ചായത്തിലെ കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു.പഞ്ചായത്ത് തല ദ്രുത കർമ്മ സേന അടിയന്തരമായി യോഗം ചേരുകയും മുന്നറിയിപ്പ് നടത്തുന്നതിന് വേണ്ടിയിട്ടുള്ള പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ടൗണുകളിലും മൈക്ക് അനൗൺസ്‌മെൻറ് നടത്തുന്നുണ്ട്.രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂം തുറന്നു.കാരക്കോടം പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്.പുഴകളിൽ വെള്ളം വളരെ കുറഞ്ഞ ഈ സമയത്ത് ഇത് മലിനജലം കൂടുതൽ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം മുഴുവൻ മലിനമാകുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുകയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കുകയും പ്രതിരോധ നടപടികൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.മലിനജലം തുറന്ന് വിട്ട ഹോട്ടലുകൾ അടപ്പിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
Leave A Reply

Your email address will not be published.