കൊച്ചി: എസ് എൻ കോളേജ് ഗോൾഡൻ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെളളാപ്പളളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ഉത്തരവ്.
കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വെള്ളാപ്പള്ളി വീണ്ടും കേസിലെ പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനം തുടരുന്നതിലും നിയമപ്രശ്നമുണ്ട്. പുതിയ നിയമാവലി പ്രകാരം കേസ് അന്വേഷണം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ് ഹൈക്കോടതി വിധി.
1998 എസ് എൻ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്. 1 കോടി രൂപ പിരിച്ചെടുത്തതിൽ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എൻ ട്രസ്റ്റിലേക്ക് മാറ്റി. കമ്മിറ്റി ചെയർമാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ് എൻ ഡി പി വൈസ് പ്രസിഡന്‍റും, ട്രസ്റ്റിന്‍റെ ബോർഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.