തിരുവനന്തപുരം: അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും. ക്രിസ്തുദേവൻ്റെ അന്ത്യ അത്താഴത്തിൻ്റെ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ. വിശുദ്ധകുർബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്.
വിശുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നത്. ‘കടന്നുപോകല്‍’ എന്നാണ് പെസഹാ എന്ന വാക്കിൻ്റെ അര്‍ഥം. യേശു ദേവന്‍ തൻ്റെ കുരിശു മരണത്തിന് മുമ്പ് തൻ്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിൻ്റെ സ്മരണാര്‍ഥമാണ് പെസഹാ വ്യാഴം വിശുദ്ധ നാളായി ആചരിക്കുന്നത്.
വിശുദ്ധ ആഴ്ചയിലെ വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി വിശുദ്ധ ആഴ്ചയിലെ അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. പെസഹാ വ്യാഴ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും നടക്കും. പെസഹ അപ്പം മുറിക്കല്‍, കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍. പിറ്റേന്ന് യേശു ക്രിസ്തുവിൻ്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരണവും ഉണ്ടാകും. കുരിശു മരണത്തിൻ്റെ മുന്നോടിയായി യേശുവിൻ്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിൻ്റെ വഴി ചടങ്ങുകളിലും വിശ്വാസികള്‍ പങ്കെടുക്കും.