Verification: ce991c98f858ff30

പൊന്നാനിയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്നുപേർ പിടിയിൽ

KERALA NEWS TODAY – പൊന്നാനി: കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശിൽനിന്ന് വില്പനയ്ക്കായി എത്തിച്ച നാല്‌ കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമാണ് പ്രതികളിൽനിന്ന് പിടികൂടിയത്.

പൊന്നാനി നരിപ്പറമ്പ് സ്വദേശികളായ തുറക്കൽ അസ്കർ (42), അയ്യപ്പൻകളത്തിൽ ആഷിക് (34), പെരുന്തല്ലൂർ സ്വദേശി കണക്കന്നൂർ സൽമാൻ (28) എന്നിവരാണ് പോലീസ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നിർദേശപ്രകാരമായിരുന്നു പ്രതികളെ പിടികൂടിയത്.

പൊന്നാനി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയറ്റൂരിന്റെ നേതൃത്വത്തിലുളള സംഘവും തിരൂർ ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ പ്രതികളിൽ അസ്കർ പൊന്നാനി പൊലീസിന്റെ റൗഡി ലിസ്റ്റിലുണ്ട്. മയക്കുമരുന്ന് കേസിലും മോഷണ കേസിലും മാരകായുധം പിടികൂടിയ കേസിലും പ്രതിയാണ്. ആഷിക് മോഷണക്കേസിൽ അസ്കറിന്റെ കൂട്ടുപ്രതിയുമാണ്.

Leave A Reply

Your email address will not be published.