Malayalam Latest News

കേരള സ്റ്റോറി അണിയറ പ്രവർത്തകന് ഭീഷണി സന്ദേശമെന്ന് സംവിധാ‌യകൻ

ENTERTAINMENT NEWS- മുംബൈ: ‘ദ കേരള സ്റ്റോറി’ സിനിമയുടെ ക്രൂ അം​ഗങ്ങളിലൊരാൾക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന് സംവിധായകൻ സുദീപ്തോ സെൻ. സംഭവം മുംബൈ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഭീഷണി സന്ദേശം ലഭിച്ചയാൾക്ക് സുരക്ഷ നൽകിയെന്ന് പൊലീസ് വ്യക്തമാക്കി.

അജ്ഞാത നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചത്. വീട്ടിൽ നിന്ന് തനിച്ച് പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമെന്ന് സന്ദേശത്തിൽ പറയുന്നതായി അണിയറ പ്രവർത്തകർ പൊലീസിനോട് പറഞ്ഞു.

അതേസമയം, പരാതി ഔദ്യോ​ഗികമായി നൽകിയിട്ടില്ല. പരാതി കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നും നിലവിൽ ഭീഷണി സന്ദേശം ലഭിച്ചയാൾക്ക് സുരക്ഷ നൽകിയിട്ടുണ്ടെന്നും മുംബൈ പൊലീസ് പറഞ്ഞു.

അതിനിടെ, വിവാദ ബോളിവു‍ഡ് ചിത്രം ദ കേരള സ്റ്റോറി ബംഗാളിൽ പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.

വിഷയത്തിൽ സി പി എമ്മിനെയും കേരള സർക്കാരിനെയും മമതാ ബാനർജി വിമർശിക്കുകയും ചെയ്തു.

ബിജെപിയെ വിമർശിക്കേണ്ട സി പി എമ്മും കേരള സർക്കാരും അവർക്കൊപ്പം പ്രവർത്തിക്കുകയാണ് ചെയ്യുന്നതെന്ന് മമത കുറ്റപ്പെടുത്തി.

കശ്മീർ ഫയൽസ് പോലെ ബംഗാളിനെ കുറിച്ചും സിനിമയ്ക്ക് ഒരുങ്ങുന്നുവെന്നും മമതാ ബാനർജി പറഞ്ഞു.

തമിഴ്നാട്ടിൽ ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവും നിലച്ചിരുന്നു. സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ക്ക് പിന്നാലെ തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍ കൂടി പ്രദർശനത്തിനെതിരെ തീരുമാനം എടുത്തതോടെയാണ് ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം സംസ്ഥാനത്ത് നിലച്ചത്.

തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷൻ കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കിയത്.

ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് തീരുമാനത്തില്‍ എത്തിയതെന്ന് അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.