Verification: ce991c98f858ff30

നാടക പ്രവർത്തകനും നടനുമായ വിക്രമൻ നായർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടകപ്രവർത്തകനും സീരിയൽ നടനുമായ വിക്രമൻനായർ(78) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് സ്റ്റേജ് ഇന്ത്യ നാടക ട്രൂപ്പിൻ്റെ സ്ഥാപകനും നടനും സംവിധായകനുമായി നാടകവേദിക്ക് ഉജ്ജ്വലസംഭാവനകൾ നൽകിയ കലാകാരനാണ്. പ്രഫഷനൽ നാടകവേദിയെ ശക്തിപ്പെടുത്തിയ സംഘാടകനാണ്. സീരിയൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് മരണം.

പതിനായിരത്തിലധികം വേദികളിൽ നാടകം അവതരിപ്പിച്ച അദ്ദേഹം 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഗ്രഹാരം, ബൊമ്മക്കൊലു, അമ്പലക്കാള തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. തിക്കോടിയൻ്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മണ്ണാർക്കാട് പൊറ്റശ്ശേരിയിൽ പരേതരായ വേലായുധൻ നായരുടെയും വെള്ളക്കാംപാടി ജാനകിയുടെയും മകനാണ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക്.

Leave A Reply

Your email address will not be published.