ഇടുക്കി: അടിമാലിയിൽ വഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച് മൂന്ന് പേർ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചു. അടിമാലി സ്വദേശി പടയാട്ടിൽ കുഞ്ഞുമോൻ(40) ആണ് മരിച്ചത്.
കുഞ്ഞുമോൻ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്സരകുന്നിൽ നിന്നും വീണു കിട്ടിയ മദ്യം അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ ചേർന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും.
ജനുവരി എട്ടിന് രാവിലെ ഏഴരയോടെ വഴിയിൽ കിടന്ന മദ്യം കഴിച്ചശേഷം ശർദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും പോലീസിന് നൽകിയിരിക്കുന്ന മൊഴി.
അടിമാലി അഫ്സര കുന്ന് സ്വദേശികളാണ് മൂന്ന് പേരും. അവശനിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അനിൽ കുമാറും മനോജും പിന്നീട് അപകടനില തരണം ചെയ്തെങ്കിലും കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു.
ഭക്ഷ്യവിഷബാധയല്ലെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർമാർ പോലീസിന് മൊഴി നൽകിയിരുന്നു.
സംഭവത്തിൽ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇവർ കഴിച്ചത് വ്യാജമദ്യമാണോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ മദ്യം കഴിച്ചവരുടെ സുഹൃത്ത് സുധീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.
വഴിയിൽ കിടന്ന് ലഭിച്ച മദ്യം സുധീഷാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. കത്തിച്ച നിലയിൽ മദ്യക്കുപ്പിയും പോലീസ് പിന്നീട് കണ്ടെടുത്തിരുന്നു.
KERALA NEWS HIGHLIGHT – The young man who was under treatment died after drinking alcohol found lying on the road.