NATIONAL NEWS – മുംബൈ: യുവ ഐ.ടി എന്‍ജിനീയറെയും കുടുംബത്തെയും ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
സുദീപ്‌തോ ഗാംഗുലി(44) ഭാര്യ പ്രിയങ്ക, എട്ടുവയസ്സുള്ള മകന്‍ തനിഷ്‌ക എന്നിവരെയാണ് പൂനെയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സുദീപ്‌തോയെ ഫോണില്‍ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ ബെംഗളൂരുവിലുള്ള സഹോദരന്‍ സുഹൃത്തിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സുഹൃത്ത് ഇവിടെ എത്തിയെങ്കിലും ഫ്‌ളാറ്റ് അടച്ചിട്ടനിലയിലായിരുന്നു.
ഇതോടെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
ദമ്പതിമാരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരുടെയും ഫോണുകള്‍ ഫ്‌ളാറ്റില്‍ തന്നെയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്ന് പരിശോധിച്ചതോടെയാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്.
മുഖം പോളിത്തീന്‍ കവറുകള്‍കൊണ്ട് മൂടിപ്പൊതിഞ്ഞനിലയിലാണ് പ്രിയങ്കയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സുദീപ്‌തോ തൂങ്ങിമരിച്ച നിലയിലായിരുന്നു. സ്വന്തമായി ബിസിനസ് തുടങ്ങാനായി ഐ.ടി. എന്‍ജിനീയറായ സുദീപ്‌തോ അടുത്തിടെയാണ് സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജോലി വിട്ടതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.