NATIONAL NEWS – ന്യൂഡല്‍ഹി: ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.മദ്രാസ് ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.തമിഴ്‌നാട്ടിലെ ആറ് ജില്ലകളില്‍ റൂട്ട് മാര്‍ച്ച് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം.ബോംബ് സ്ഫോടന പ്രദേശങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുള്ള ജില്ലകളിലുമാണ് ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് സംഘര്‍ഷം ഉണ്ടാക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്.ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.ഈ ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കിയത്.ഫെബ്രുവരി പത്തിനാണ് ആര്‍.എസ്.എസ്. മാര്‍ച്ചിന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തമിഴ്‌നാട് പൊലീസിന് നിര്‍ദേശം നല്‍കിയത്.ഒക്ടോബറിലാണ് ആസാദി കാ അമൃത് മഹോത്സവ്, ഗാന്ധി ജയന്തി എന്നിവ പ്രമാണിച്ച് മാര്‍ച്ച് നടത്താന്‍ ആര്‍.എസ്.എസ് അനുമതി തേടിയത്. സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു.നവംബറില്‍ മാര്‍ച്ച് നടത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുവദിച്ചെങ്കിലും കര്‍ശന ഉപാധികള്‍ ഏര്‍പ്പെടുത്തി.ഇതിനെതിരായ ആര്‍.എസ്.എസിന്റെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഉപാധികള്‍ നീക്കി. പുതിയ തീയതികളില്‍ മാര്‍ച്ച് നടത്താനുള്ള അപേക്ഷ പോലീസിന് നല്‍കാനും നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
0 5