Verification: ce991c98f858ff30

‘വിചാരണ പൂര്‍ത്തിയായെങ്കില്‍ മഅദനി ബംഗ്ലൂരുവില്‍ തുടരണോ?’; ഹര്‍ജി ഏപ്രില്‍ 13ലേക്ക് മാറ്റി

ന്യൂഡല്‍ഹി: വിചാരണ പൂര്‍ത്തിയായെങ്കില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചു കൂടേയെന്ന് സുപ്രീംകോടതി. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ബംഗ്ലൂരു സ്‌ഫോടനക്കേസ് വിചാരണയില്‍ അന്തിമ വാദം മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ മഅദനി ബംഗ്ലൂരുവില്‍ തുടരേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു.

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി അബ്ദുന്നാസര്‍ മഅദനി നല്‍കിയ ഹാര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി. നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് മഅദനിയുടെ ഹര്‍ജിയിലെ പ്രധാനആവശ്യം.

തനിക്ക് ആയുർവേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്‍റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് വിചാരണ നടപടിയിലേക്കു കടക്കുന്നതിനാൽ കർണാടകയിൽ ഇനി തടവിൽ കഴിയേണ്ട കാര്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വിശദമായ വാദം കേൾക്കാൻ വേണ്ടിയായിരുന്നു ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ഹർജിയിൽ അബ്ദുൾ നാസർ മഅദനിയ്ക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവർ ഹാജരായി.

Leave A Reply

Your email address will not be published.