Verification: ce991c98f858ff30

‘അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന് സര്‍ക്കാരിന് നിശ്ചയിക്കാം’: ഹൈക്കോടതി

കൊച്ചി: ചിന്നക്കനാലിൽ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടിൽ കേരള ഹൈക്കോടതി. എവിടെ വിടണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും പറഞ്ഞു. പുൽമേടുകൾ കളഞ്ഞു യൂക്കാലിമരങ്ങൾ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി.

അരിക്കൊമ്പൻ വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈകോടതി പറഞ്ഞു. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാന്‍ ആകില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈകോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ നെന്മാറ എംഎല്‍എ കെ. ബാബു ചെയര്‍മാനായ ജനകീയ സമിതി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ആനയെ എങ്ങോട്ടാണ് മാറ്റേണ്ടതെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പറമ്പിക്കുളം അല്ലാതെ മറ്റു സ്ഥലങ്ങളും പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ആനയെ പിടികൂടി കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല. അരിക്കൊമ്പനെ കൂടാതെ മറ്റ് കൊമ്പന്‍മാരും ഉണ്ടെന്നും കോടതി പറഞ്ഞു. ആനയെ പിടികൂടാന്‍ എളുപ്പമാണ്. എന്നാല്‍ അതിൻ്റെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. ആനത്താരയില്‍ പട്ടയം നല്‍കിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.

 

Leave A Reply

Your email address will not be published.