Verification: ce991c98f858ff30

മുല്ലപ്പെരിയാർ അണകെട്ടിന്റെ സുരക്ഷ തൃപ്തികരം

NATIONAL NEWS – ന്യൂഡൽഹി: മുല്ലപ്പെരിയാർ അണകെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും സുപ്രീം കോടതി രൂപവത്കരിച്ച മേൽനോട്ട സമിതിയും. സുപ്രീം കോടതിയിൽ ഫയൽചെയ്ത റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2022 മെയ് 9-നാണ് മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തിയത്.

കേരളത്തിന്റെയും തമിഴ് നാടിന്റെയും സാങ്കേതിക അംഗങ്ങളും ഈ പരിശോധനയിൽ പങ്കെടുത്തിരുന്നു.

അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് മേൽനോട്ട സമിതിയുടെ ശ്രദ്ധയിൽ ആരും പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ മേൽനോട്ട സമിതി നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഈ 27-ന് മേൽനോട്ട സമിതി അണകെട്ട് സന്ദർശിക്കും. 28-ന് മേൽനോട്ട സമിതിയുടെ യോഗം ചേരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വതന്ത്ര സമിതിയെക്കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളം കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ നിർദേശിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

പരിശോധന നടത്തുമ്പോൾ കേരളത്തിന്റെയും തമിഴ്നാടിന്റേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. പരിശോധന മുഴുവനായി വീഡിയോയിൽ ചിത്രീകരിക്കണെമെന്നും സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.