Verification: ce991c98f858ff30

ശബരിമല വിമാനത്താവളത്തിൻ്റെ സൈറ്റ് ക്ലിയറന്‍സില്‍ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി

പത്തനംതിട്ട: ശബരിമലയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് ലഭിച്ച സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ആധ്യാത്മിക വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ വാര്‍ത്തയാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പലഘട്ടങ്ങളായുള്ള വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയ്ക്ക് സൈറ്റ് ക്ലിയറന്‍സ് നല്‍കുന്നതായുള്ള വ്യോമയാന മന്ത്രായത്തിൻ്റെ ട്വീറ്റാണ് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തത്. 2250 ഏക്കര്‍ സ്ഥലത്താണ് പുതിയ വിമാനത്താവളം വരിക.

ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ തുങ്ങിയ രാജ്യങ്ങളിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥാടകർക്ക് യാത്ര എളുപ്പമാകും. ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം കൂടും.

നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിർദിഷ്ട ശബരിമല വിമാനത്താവളത്തിൻ്റെ 30 കിലോ മീറ്റർചുറ്റളവിൽ നിന്നുള്ളവരാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികൾക്കാണ് വിമാനത്താവളം ഗുണം ചെയ്യുക. കുമരകം, മൂന്നാർ, തേക്കടി, വാഗമൺ വിനോദ സഞ്ചാരമേഖല കൂടുതൽ ഉണരും. സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടേയും മറ്റ് കാർഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി എളുപ്പമാകും. കോട്ടയം എരുമേലി റോഡ്, എരുമേലി പത്തനംതിട്ട സംസ്ഥാനപാത, കൊല്ലം-തേനി ദേശീയ പാത, തുടങ്ങിയവും അടുത്തുള്ളത് അനുബന്ധ ഗാതാഗതത്തിനും പ്രയോജനം ചെയ്യും.

Leave A Reply

Your email address will not be published.