തിരുവനന്തപുരം: നവജാത ശിശുവിനെ പണത്തിന് വിറ്റ സംഭവത്തിൽ യഥാർത്ഥ മാതാപിതാക്കളെകണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു. പൊഴിയൂർ സ്വദേശികളാണ് കുഞ്ഞിൻ്റെ മാതാപിതാക്കൾ എന്നതിനപ്പുറം കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. കുഞ്ഞിനെ വാങ്ങിയ സ്ത്രീ നൽകിയ മൊഴി പോലീസ് പരിശോധിക്കുകയാണ്. ജോലിക്കിടെ പരിചയപ്പെട്ട യുവതിയാണ് കുഞ്ഞിനെ വിറ്റത് എന്നാണ് ഇവർ നൽകിയ മൊഴി. ഈ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് നിഗമനം.
കുഞ്ഞിനെ വാങ്ങിയ സ്ത്രീ ഇതിന് മുൻപ് മറ്റൊരു കുട്ടിയെ വാങ്ങിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. ചൈൽഡ് ലൈനിൻ്റെ അന്വേഷണത്തിലാണ് അഞ്ച് വർഷം മുൻപ് ഇതേ സ്ത്രീ മറ്റൊരു പെൺകുട്ടിയെ വാങ്ങിയിരുന്നതായി കണ്ടെത്തിയത്. ഈ കുട്ടിയെ പിന്നീട് മറ്റൊരാൾക്ക് കൈമാറിയതായും സംശയമുണ്ട്.
സംഭവത്തിൽ ഇടനിലക്കാർ ഉണ്ടോ എന്ന് പരിശോധിക്കും. ആശുപത്രിയിൽ നൽകിയിരുന്നത് പൊഴിയൂർ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈൽ നമ്പർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സിം യുവതി തന്നെ ഉപയോഗിച്ചു എന്നാണ് വിലയിരുത്തൽ. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി ഡബ്ല്യു സി വ്യക്തമാക്കിയിട്ടുണ്ട്.
കുഞ്ഞിനെ വാങ്ങിയ യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇവരുടെ മൊഴി പോലീസ് പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. കുഞ്ഞിൻറെ അമ്മയും താനും ഒരുമിച്ച് വീട്ടുജോലി ചെയ്തിരുന്നപ്പോൾ പരിചയമുണ്ടായിരുന്നു എന്ന മൊഴിയാണ് യുവതി നൽകിയിരുന്നത്. എന്നാൽ കുഞ്ഞിനെ വാങ്ങിയ യുവതി വീട്ടുജോലി ചെയ്തിരുന്നോ എന്നത് പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇവർ കോവളത്ത് റിസോർട്ടിൽ ജോലി ചെയ്തിരുന്നു എന്ന വിവരമാണ് പോലീസിന് ലഭിച്ചത്.