കൊല്ലം: കൊല്ലം ചിതറയിൽ വളർത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ പിടികൂടിയത്. ക്ഷീര കർഷകനായ സലാഹുദ്ദീൻ്റെ റബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെയാണ് സുമേഷ് ലൈംഗികമായി ഉപദ്രവിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ അഴിച്ച് മാറ്റി കെട്ടാൻ എത്തിയപ്പോൾ സുമേഷ് പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടു. തുടർന്ന് സലാഹുദ്ദീൻ ബഹളം വച്ചതിനെത്തുടർന്ന് ഇവിടെ നിന്ന് ഓടി രക്ഷപെട്ട സുമേഷ് വീടിനുള്ളിൽ കയറി. മാസങ്ങൾക്ക് മുൻപ് സലാഹുദ്ദീൻ്റെ മറ്റൊരു പശു ചത്തിരുന്നു.
പശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് സുമേഷ് പിന്നീട് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നു. മദ്യലഹരിയിൽ പറഞ്ഞതാണെന്ന് കരുതി അന്ന് പരാതിയുമായി പോയില്ല. ലൈംഗിക അതിക്രമം ഇന്ന് നേരിൽ കണ്ടതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ലഹരിക്ക് അടിമയായ പ്രതി സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയങ്ങളിൽ ചെന്ന് അതിക്രമം കാണിക്കാറുണ്ടെന്ന് പരാതികളുണ്ട്.
സ്കൂൾ കുട്ടികൾക്ക് നേരെ സുമേഷ് അശ്ലീല ചേഷ്ടകൾ കാണിക്കുന്നതും പതിവാണ്. പോലീസ് എന്തുമ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ചു രക്ഷപ്പെടുത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് നാട്ടുകാർ പറയുന്നു. ചിതറ പോലീസ് സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് സുമേഷിനെ വീടിനുള്ളിൽ നിന്ന് പിടികൂടിയത്. പരാതികളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതി ലഹരിയ്ക്ക് അടിമയെന്ന് പോലീസ് പറയുന്നു. ചടയമംഗലം പോരേടം, മയ്യനാട് പ്രദേശങ്ങളിലും സമാനമായ രീതിയിൽ കുറ്റം ചെയ്തവർ നേരത്തെ പിടിയിലായിരുന്നു.