Verification: ce991c98f858ff30

എഐ ക്യാമറ ഇടപാടില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷനേതാവ്

കൊച്ചി: എഐ ക്യാമറ ഇടപാടില്‍ വന്‍അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഊരാളുങ്കല്‍ സൊസൈറ്റിയുമായി എസ്.ആര്‍.ഐ.റ്റി കമ്പനിക്ക് ബന്ധമുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കുകമ്പനികളാണ് ഇടപാടിന് പിന്നിലെന്നും എസ്.ആര്‍.ഐ.റ്റി കമ്പനിക്ക് എഐ ക്യാമറ മേഖലയില്‍ മുന്‍പരിചയമില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. എഐ ക്യാമറ ഇടപാടില്‍ സര്‍ക്കാര്‍ മറുപടി പറയണം. നിലവാരമുള്ള ക്യാമറ തന്നെ വാങ്ങാന്‍ കിട്ടുമ്പോള്‍, കെല്‍ട്രോണ്‍ ക്യാമറ ഘടകങ്ങള്‍ എന്തിനാണ് വാങ്ങിയതെന്ന് സതീശന്‍ ചോദിച്ചു.

പലർക്കും കിട്ടിയത് നോക്കുകൂലി. മന്ത്രിമാർക്കു പോലും കരാർ കമ്പനികളെക്കുറിച്ച് അറിയില്ല. കരാർ കിട്ടിയ കമ്പനി ഉപകരാർ കൊടുത്തു. കെ ഫോണിന് പിന്നിലും ഇവരാണ്. കെൽട്രോണിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തത്. അഴിമതിക്ക് പിന്നിൽ സിപിഎമ്മാണ്. എസ്എൻസി ലാവ്‌ലിൻ പോലെയുള്ള അഴിമതിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എഐ ക്യാമറ ജനത്തിന് മേലുള്ള മറ്റൊരു കൊള്ളയാണ്.

ചെന്നിത്തല ഉന്നയിച്ച കാര്യങ്ങൾക്ക് സർക്കാർ മറുപടിയിൽ വ്യക്തതയില്ല. കെൽട്രോൺ പറഞ്ഞതിലും വ്യക്തതയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടിൽ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളില്ല. മന്ത്രിമാർക്ക് പോലും ഇതറിയാൻ വഴിയില്ല. കെൽട്രോൺ നേരിട്ടാണ് പദ്ധതി നടത്തിയത്. എസ്ആർഐടി കമ്പനിക്ക് ഒരു മുൻപരിചയവുമില്ല. ഇവർ പവർ ബ്രോക്കേർസാണ്. ഇടനിലക്കാരാണ്. ഇതുപോലെ പദ്ധതിക്ക് പ്രീ ക്വാളിഫിക്കേഷൻ മാനദണ്ഡം വ്യക്തമാക്കേണ്ടതായിരുന്നു. ടെണ്ടറിൽ പങ്കെടുത്ത കമ്പനികളേതൊക്കെയാണ്? എസ്ആർഐടി കരാർ കിട്ടിയ ശേഷം കൺസോർഷ്യം ഉണ്ടാക്കി ഉപകരാർ കൊടുത്തു. ഇവർക്ക് ഊരാളുങ്കലുമായി ബന്ധമുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്നു ചേരുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

 

Leave A Reply

Your email address will not be published.