പത്തനംതിട്ട: ഡിസംബര്‍ 2020 ൽ കിണറ്റിൽ നിന്നും കണ്ടെത്തിയ മീനിന് ‘പൊതുജനം’ എന്ന് പേരിട്ടു.
മല്ലപ്പള്ളി ചരിവുപുരയിടത്തില്‍ പ്രദീപ് തമ്പിയുടെ കിണറ്റില്‍ നിന്നുമാണ് മീനിനെ കണ്ടെത്തിയത്.
പൊതുജനത്തിൻ്റെ സഹകരണം കൊണ്ടും പുറംലോകമറിയാന്‍ ജനങ്ങള്‍ വഴിയൊരുക്കിയതിനാലും ശാസ്ത്രജ്ഞര്‍ പുത്തന്‍ മീനിന് ‘പൊതുജനം’ എന്ന് പേരിടുകയായിരുന്നു.
1948-ല്‍ കോട്ടയത്തുനിന്നു കണ്ടെത്തിയ ഹോറാഗ്ലാനിസ് കൃഷ്ണയിയുടെ സഹോദര വര്‍ഗത്തില്‍പ്പെട്ട ഇനത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഹോറാഗ്ലാനിസ് പോപ്പുലി എന്നാണ് ഗവേഷകര്‍ ഇതിന് ശാസ്ത്രനാമം നല്‍കിയത്.
പോപ്പുലി എന്ന വാക്കിന് ലാറ്റിന്‍ ഭാഷയില്‍ ജനങ്ങള്‍ എന്നാണര്‍ഥം. കിണറില്‍നിന്ന് മോട്ടോര്‍ വഴി ടാങ്കിലെത്തി പൈപ്പിലൂടെ വന്ന ചെറുജീവിയെ കണ്ട് ഉണ്ടായ കൗതുകമാണ് കണ്ടെത്തലിലേക്ക് നയിച്ചത്.
ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതാണ് വിവരം ഫിഷറീസ് സര്‍വകലാശാലയിലെ(കുഫോസ്) ശാസ്ത്രജ്ഞരിലേക്കെത്തിയത്.
കുഫോസിലെ ഡോ.രാജീവ് രാഘവന്‍, രമ്യ എല്‍.സുന്ദര്‍, ശിവ് നാടാര്‍, ന്യൂഡൽഹി ശിവ് നാടാര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനന്‍സിലെ ഡോ. നീലേഷ് ദഹാനുകര്‍, ജര്‍മനിയിലെ സെങ്കന്‍ ബെര്‍ഗ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ.
റാള്‍ഫ് ബ്രിറ്റ്സ്, സി.പി അര്‍ജുന്‍ എന്നിവരുടെ കൂട്ടായ ഗവേഷണമാണ് ആധികാരികമായി ഇതൊരു പുതിയ ഭൂഗര്‍ഭ മീന്‍ ആണെന്ന് ഉറപ്പിച്ചത്.
ഇവരുടെ ഗവേഷണഫലങ്ങള്‍ വെര്‍ട്ടിബ്രേറ്റ് സുവോളജി എന്ന അന്താരാഷ്ട്ര ജേണലില്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു.