കൊച്ചി: പറവൂർ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നയാൾ ആശുപത്രിവിട്ട ശേഷം മരിച്ചു.
പറവൂർ സ്വദേശി ജോർജാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്ക് ശേഷം ജോർജ്ജ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്. ഇന്നലെ രാത്രിയിലാണ് മരണം സംഭവിച്ചത്. ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്നാരോപിച്ച് കുടുംബം പോലീസിന് പരാതി നൽകി.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് നിരവധിയാളുകള്‍ ആശുപത്രിയിലായ സംഭവത്തില്‍ പറവൂരിലെ മജ്ലിസ് ഹോട്ടലിൻ്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. മന്ത്രി വീണാ ജോര്‍ജിൻ്റെ നിദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
ഇതിനിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മജ്‍ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കാസർഗോഡ് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ(50) ആണ് അറസ്റ്റിലായത്. മജ്‍ലിസ് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച എഴുപതിലേറെ ആളുകൾക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായത്. ഹോട്ടലിൻ്റെ ഒരു കെട്ടിടത്തിനു മാത്രമേ ലൈസൻസുള്ളൂ.
നഗരസഭയുടെ മാസ്റ്റർപ്ലാൻ നിബന്ധനയ്ക്കും കെട്ടിട നിർമാണ ചട്ടങ്ങൾക്കും വിരുദ്ധമായി ഇവർ പ്രധാന കെട്ടിടത്തിനോടു ചേർന്നും മുൻഭാഗത്തുമായി അനധികൃത നിർമാണങ്ങൾ നടത്തി.
പരാതികൾ ഉണ്ടായപ്പോൾ അദാലത്ത് സംഘടിപ്പിക്കുകയും പ്രധാന കെട്ടിടത്തോടു ചേർന്നുള്ള നിർമാണത്തിന് 35,000 രൂപ നികുതി ഈടാക്കി യുഎ നമ്പർ നഗരസഭ നൽകിയിട്ടുണ്ടെന്നുമാണു കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞത്.
ഹോട്ടലിൻ്റെ മുൻഭാഗത്തു ടീ സ്റ്റാളും അനധികൃതമായി നിർമിച്ചിരുന്നു.