കൊച്ചി: മൂവാറ്റുപുഴ നഗരത്തിൽ പട്ടാപ്പകൽ വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്നു. മൂവാറ്റുപുഴ കിഴക്കേക്കരയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കളരിക്കൽ മോഹനൻ്റെ വീട്ടിലാണ് വീട്ടമ്മയെ വായിൽ തുണി തിരുകി ശുചിമുറിയിൽ പൂട്ടിയിട്ട് അലമാരിയിൽ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വർണവും, 20,000 രൂപയും മോഷ്ടിച്ചത്.
മോഹനൻ്റെ ബന്ധുവായ പത്മിനിയെ ശുചിമുറിയില്‍ പൂട്ടിയിട്ടാണ് മോഷണം നടത്തിയത്. പത്മിനിയെ ബലംപ്രയോഗിച്ച് വായില്‍ തുണി തിരുകി ശുചിമുറിയിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് വാതില്‍ പൂട്ടിയിട്ടതിന് ശേഷമായിരുന്നു മോഷണം. വാതില്‍ തുറന്ന് പുറത്തിറങ്ങിയ പത്മിനി തന്നെയാണ് മോഷണ വിവരം നാട്ടുകാരെ അറിയിച്ചത്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.