കൊച്ചി: നല്ല സമയം സിനിമയിൽ രംഗങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രത്തിൻ്റെ സംവിധായകൻ ഒമർ ലുലുവിനും നിർമാതാവിനും എതിരെ എക്സൈസ് വകുപ്പ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. പ്രതികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്. സിനിമിയിലെ എംഡിഎംഎ ഉപയോഗിക്കുന്ന രംഗങ്ങൾ ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ്(എൻഡിപിഎസ്) നിയമപ്രകാരമായിരുന്നു കേസ്. കേസിൻ്റെ പശ്ചാത്തലത്തിൽ ഒമർ ലുലു തൻ്റെ ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുകയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒമർ ലുലുവും നിർമ്മാതാവും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
സിനിമയിലെ രംഗങ്ങൾ അവതരിപ്പിക്കുമ്പോൾ അഭിനേതാക്കൾ അത് യഥാർത്ഥത്തിൽ ചെയ്തുവെന്ന് അനുമാനിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് വി ജി അരുൺ ഉത്തരവിൽ പറയുന്നു. ട്രെയിലറിൽ ഒരു കഥാപാത്രം എംഡിഎംഎ ഉപയോക്താവിന് ഊർജവും സന്തോഷവും നൽകുന്ന പദാർത്ഥമാണെന്ന് അവകാശപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് ട്രെയിലറിനെതിരെ കേസെടുത്തത്.