Verification: ce991c98f858ff30

അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം സർക്കാർ തന്നെ കണ്ടെത്തണം; സമയം നീട്ടി നൽകി ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറിൽ വിദഗ്ദ്ധ സമിതിക്ക് കൈമാറാൻ കോടതി നിർദേശിച്ചു. ഇടുക്കിക്ക് പുറമെ വയനാട്, പാലക്കാട് ജില്ലകളിൽ ദൗത്യ സംഘം രൂപീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ദൗത്യ സംഘത്തെ നിയോഗിക്കുന്നത്.

ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പൻ വിഷയത്തിൽ വനം വകുപ്പിനെതിരെ ഹൈക്കോടതിയുടെ വിമർശനം. എങ്ങനെ പണി എടുക്കാതെ ഇരിക്കാൻ പറ്റും എന്നാണ് ഡിപ്പാർട്ട്മെൻ്റ് നോക്കുന്നത്. ആർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു. അരിക്കൊമ്പൻ കേസ് പരി​ഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം.

വിദഗ്ദ്ധ സമിതിയുടെ കൺവീനർ സ്ഥലത്ത് ഇല്ലെന്ന് സർക്കാർ അറിയിച്ചു. പ്രത്യേക ടാസ്ക് ഫോഴ്സ് എന്തായി എന്ന് കോടതി ചോദിച്ചു. അരിക്കൊമ്പനെ എവിടേക്ക് മാറ്റണം എന്നതിൽ വിദഗ്ദ്ധ സമിതി സീൽഡ് കവറിൽ സജഷൻ തരട്ടെ എന്നും സർക്കാർ പറഞ്ഞു. ഏറ്റവും പ്രശ്നബാധിതമായ ഇടുക്കിയിലും വയനാടും പാലക്കാടും ആദ്യം ടാസ്ക്ക് ഫോഴ്സ് രൂപികരിക്കാം. എന്നാൽ ടാസ്ക് ഫോഴ്സിൽ ഒരാൾക്ക് ഉത്തരവാദിത്തം വേണം. അത് ഡി എഫ് ഒ ആയാലും വൈൽഡ് ലൈഫ് വാർഡൻ ആയാലും പ്രശ്നമില്ലെന്നും കോടതി പറഞ്ഞു. കേസ് വീണ്ടും മെയ്3 ന് പരിഗണിക്കും.

Leave A Reply

Your email address will not be published.