KERALA NEWS TODAY – തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍.
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കെ.വി. മനോജാണ് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
രണ്ടുദിവസം മുന്‍പാണ് കേന്ദ്രമന്ത്രിയുടെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായത്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
മെഡിക്കല്‍ കോളേജ് പോലീസ്, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് മനോജിനെ കസ്റ്റഡിയില്‍ എടുത്തത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഉള്ളൂരിലെ വീട് ആക്രമണത്തിന് ശേഷം നടന്ന് മ്യൂസിയം വരെ പോയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് മനോജാണ് ആക്രമണം നടത്തിയതെന്ന് പോലീസിന് മനസ്സിലായത്.
ആക്രമണത്തിന് കാരണമായി മനോജ് പറയുന്നത് ഇങ്ങനെ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഗ്രഹം വഴി തന്നെ നിരീക്ഷിക്കുന്നു.
കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇതിന് സഹായം ചെയ്യുന്നു.
പലവട്ടം മുരളീധരനെ കാണുകയും ഉപഗ്രഹനിരീക്ഷണം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ചെവിക്കൊണ്ടില്ല. ഇതില്‍ ദേഷ്യംപൂണ്ടാണ് മന്ത്രിയുടെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയതെന്ന് മനോജ് പറഞ്ഞു.
പത്തുവര്‍ഷം മുന്‍പാണ് മനോജ് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയത്. മുന്‍പ് ഹോട്ടല്‍ ജീവനക്കാരനായിരുന്നു.
കുറച്ചുകാലമായി പ്രത്യേകിച്ച് ജോലിയില്ല. അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കിടക്കാറ്.
ഇടയ്ക്കിടെ ബി.ജെ.പി ഓഫീസുകളിലും ഇപ്പോള്‍ ആക്രമണം നടത്തിയ വീട്ടിലും ഇയാള്‍ പോയിട്ടുണ്ട്.
പലവട്ടം മുരളീധരനെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിട്ടുണ്ടെന്നുമാണ് വിവരം. ആവശ്യങ്ങള്‍ ഉന്നയിച്ച്, മുരളീധരന്റെ ഭാര്യയ്ക്ക് എഴുതിയ കത്തും പോലീസിന്റെ പിടിയിലാകുമ്പോള്‍ മനോജിന്റെ കൈവശമുണ്ടായിരുന്നു. മനോജിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ഇയാളെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടോ എന്ന കാര്യവും തീരുമാനിക്കും.