പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സൗകര്യങ്ങൾ വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിൽ ഭക്തർക്ക് സൗകര്യങ്ങൾ കുറവാണ്.
വിരിവയ്ക്കാൻ പോലും സൗകര്യങ്ങളില്ല. വനത്തെ ബാധിക്കാതെ ചെറിയ വികസനങ്ങൾ സാധ്യമാണ്. സൗകര്യമൊരുക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്നിധാനത്തേക്ക് റോപ് വേ ആവശ്യമാണ്. മനുഷ്യർ മനുഷ്യരെ ചുമക്കുന്ന രീതി മാറണം.
ഏലക്കാ വിവാദത്തിന് കാരണം കരാറുകാർ തമ്മിലെ കിടമത്സരമാണെന്നും തന്ത്രി കുറ്റപ്പെടുത്തി.
എന്നാൽ ഇത്തവണത്തെ തീർത്ഥാടനകാലം സമാധാനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം.
പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമുണ്ട്.
സുരക്ഷക്ക് 2000 പോലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല.