ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. ചാനലിനെതിരെ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. നാലാഴ്ചക്കകം ലൈസൻസ് കേന്ദ്രം പുതുക്കി നൽകണമെന്നും കോടതി ഉത്തരവിട്ടു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിൻ്റെ പങ്ക് വലുതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടി കേന്ദ്ര സർക്കാർ നടപടി റദ്ദാക്കിയത്. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീലുമായി ചാനലും പത്രപ്രവർത്തക യൂണിയനും കോടതിയെ സമീപിച്ചത്. പ്രക്ഷേപണം വിലക്കിയ നടപടി രാജ്യ താത്പര്യങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മുൻവിധിയോടെയുള്ള നടപടിയാണ് സ്വീകരിക്കപ്പെട്ടത് എന്നായിരുന്നു ചാനലിൻ്റെ വാദം.