Kerala News Today-ന്യൂഡൽഹി: പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതിയുടെ ജയിൽ മാറ്റത്തിനുള്ള ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീംകോടതിയുടെ നോട്ടീസ്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതി അമീറുൾ ഇസ്ലാം കോടതിയെ സമീപിച്ചത്.
നാല് ആഴ്ച്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതിയുടെ നിർദേശം.
നിലവിലെ ജയില്‍ചട്ട പ്രകാരം അമീറുള്‍ ഇസ്ലാമിനെ അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.
ജയില്‍ മാറ്റം ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2014-ലെ ചട്ടങ്ങള്‍ കൂടി ഹര്‍ജിയില്‍ ചോദ്യം ചെയ്യാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
2014-ലെ ജയില്‍ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ലെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
വധശിക്ഷയ്ക്ക് എതിരായ അപ്പീല്‍, കോടതിയുടെ പരിഗണനയില്‍ ആണെങ്കില്‍ അവരെയും മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നാണ് വ്യവസ്ഥ.
ഈ വ്യവസ്ഥകള്‍ നിലനില്‍ക്കെ അസമിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമായിരുന്നു ഹർജി നൽകിയ പ്രതിയുടെ ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചു.
നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് നിലവിൽ വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം.
Kerala News Today Highlight – Jisha murder case: Supreme Court notice on Ameerul Islam’s jail change plea.