തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരും. പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് സാധാരണയെക്കാൾ അഞ്ച് ഡിഗ്രി കൂടുതലാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കുള്ള ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല. സൂര്യാതപം, നിർജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്നും രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
രാവിലെ 11 മണി മുതൽ വൈകീട്ട് 3-3.30 വരെയുള്ള സമയത്ത് ശരീരത്തിലേക്ക് നേരിട്ട് ചൂട് അടിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. ഈ സമയത്ത് പുറത്തിറങ്ങുന്നവർ തൊപ്പി വയ്ക്കുകയോ, കുട ചൂടുകയോ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൂട് ആകിരണം ചെയ്യുന്ന നിറങ്ങളും വസ്ത്രങ്ങളും ധരിക്കാതെ അയഞ്ഞ ഇളം വസ്ത്രങ്ങൾ ധരിക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ചൂട് കാറ്റോ, ഉഷ്ണ തരംഗമോ നിലവിൽ പ്രവചിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ വരും ദിവസങ്ങളിൽ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അംഗം വ്യക്തമാക്കി.