കോഴിക്കോട്: ആണ്‍സുഹൃത്തിൻ്റെ പീഡനത്തിനിരയായ റഷ്യന്‍ യുവതിയെ തിരികെ നാട്ടിലെത്തിക്കാൻ താൽകാലിക പാസ്പോർട്ടിനായി നടപടി ആരംഭിച്ചു. സംഭവത്തിൽ യുവതിയെ ആക്രമിച്ച അഖിലിൻ്റെ മാതാപിതാക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തു. ബലാത്സംഗം ഉൾപെടെയുളള വകുപ്പുകളാണ് അഖിലിനെതിരെ എടുത്തിരിക്കുന്നത്.
പരിക്കേറ്റ റഷ്യൻ യുവതി പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകിയ ശേഷം തിരികെ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. ഇനി ഇവരെ റഷ്യയിലേക്ക് മടക്കിയെത്തിക്കാനുള്ള നടപടികാളാണ് റഷ്യൻ കോൺസുലേറ്റ് സ്വീകരിക്കുന്നത്. റഷ്യൻ യുവതിയെ ആക്രമിച്ച കൂരാച്ചുണ്ട് സ്വദേശി ആഖിൽ യുവതിയുടെ രാജ്യാന്തര പാസ്പോർട്ടും നശിപ്പിച്ചിരുന്നു. അതിനാൽ മടക്കയാത്രയ്ക്ക്താത്കാലിക പാസ്പോർട്ട് അനിവാര്യമാണ്.
ലഹരിക്ക് അടിമയായ ആഖിൽ റഷ്യൻ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത് ഫെബ്രുവരി 19 നായിരുന്നു. പിന്നീട് പലതവണ യുവതിയെ ആഖിൽ മർദ്ദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ സമ്മതിച്ചതായി പോലീസ് പറയുന്നു. യുവതി വീടിൻ്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടുന്നതിന് തലേ ദിവസവും ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. പേരാമ്പ്രയിലേക്കുള്ള കാർ യാത്രക്കിടെ മുളിയിങ്ങലിൽ വെച്ച് വാഹനത്തിൽ നിന്നും യുവതി പുറത്തേക്ക് ചാടി.
നാട്ടുകാർ അറിയിച്ചതോടെ വനിത പോലീസ് ഉദ്യോഗസ്ഥയെത്തി ഇവരെ സ്റ്റേഷനിലേക്ക് ഇവരുടെ കാറിൽ തന്നെ കൊണ്ടുപോയി. വഴിയിൽ വെച്ച് ആഖിൽ പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് സ്വന്തം വീട്ടിലേക്ക് വണ്ടിയോടിച്ച് പോയിട്ടും പോലീസ് ഇടപെട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. എന്നാൽ സമയ ബന്ധിതമായി ഇടപെടുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് കൂരാച്ചുണ്ട് പോലീസിൻ്റെ വിശദീകരണം.