തിരുവനന്തപുരം: നെടുമങ്ങാട് സൂര്യഗായത്രി വധക്കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനായിരുന്നു സൂര്യഗായത്രിയെ അരുണ്‍ മാതാപിതാക്കളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. നാടിനെ നടുക്കിയ കൊലപാതകത്തില്‍ ഒടുവില്‍ ആശ്വാസവിധി.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ ശിക്ഷ വിധിക്കും. 2021 ഓഗ്‌സറ്റ് 30ന് നെടുമങ്ങാടിനടുത്തെ ഉഴപ്പാക്കോണത്തെ വാടകവീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു പേയാടുകാരനായ അരുണ്‍ സൂര്യഗായത്രിയെ കൊലപ്പെടുത്തിയത്. സൂര്യയെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിലെ വൈരാഗ്യമായിരുന്നു കാരണം.
സൂര്യഗായത്രിയെ 33 തവണയാണ് കുത്തിയത്. തലപിടിച്ച് ഭിത്തിയിലിടിപ്പിച്ച് മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. തടയാനെത്തിയ ശാരീരികവെല്ലുവിളി നേരിടുന്ന വൃദ്ധ മാതാപിതാക്കളെയും ആക്രമിച്ചു. അതിന് ശേഷം നാട്ടുകാര്‍ പിടികൂടിയാണ് അരുണിനെ പോലീസില്‍ ഏല്‍പ്പിച്ചത്. ആത്മരക്ഷാര്‍ത്ഥം അരുണ്‍ കുത്തിയതാണെന്ന പ്രതിഭാഗം വാദം സൂര്യഗായത്രിയുടെ ദേഹത്തുള്ള മുറിവുകള്‍ ചൂണ്ടിക്കാട്ടി വാദിഭാഗം എതിര്‍ത്തിരുന്നു.