കൊല്ലം: ആയൂരിൽ വയോധികക്ക് മകൻ്റെ ക്രൂരമർദനം. ആയൂർ തേവന്നൂർ സ്വദേശി ദേവകിക്ക്(68) ആണ് മർദനമേറ്റത്.
മകൻ മനോജിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ മകൻ മനോജ് വീട്ടിൽ ഭക്ഷണം വെക്കാത്തതിനെ ചൊല്ലി അമ്മയുമായി വാക്കുതർക്കമായി.
ഇതിനിടെ വീടിൻ്റെ പിന്നിൽ നിന്ന് വിറകുകൊള്ളി എടുത്തുവന്ന മനോജ് മാതാവിനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. ദേവകിയുടെ മുടിക്ക് പിടിച്ച് വലിച്ച് താഴെയിട്ട ശേഷം ചവിട്ടുകയും ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയത്.
പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുര്‍ന്ന് ചടയമംഗലം പോലീസെത്തിയാണ് അമ്മയെ രക്ഷിച്ചത്. മദ്യപിച്ചെത്തി മനോജ് അമ്മയെ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. മർദ്ദനത്തിൽ ദേവകിയമ്മയുടെ കൈക്കും കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്.
അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൂടിയാണ് മനോജെന്ന് പോലീസ് അറിയിച്ചു.