Verification: ce991c98f858ff30

ഇസ്രയേലില്‍ പോയ ആറ് മലയാളി തീര്‍ഥാടകരെ കാണാതായി

KERALA NEWS TODAY – തിരുവനന്തപുരം: ഇസ്രയേലില്‍ പോയ ആറ് മലയാളി തീര്‍ഥാടകരെ കാണാതായതായി പരാതി.കേരളത്തില്‍ നിന്നു ഫെബ്രുവരി എട്ടിന് 26 അംഗ സംഘം ഇസ്രയേലിലേക്ക് പുറപ്പെട്ടിരുന്നു. ഈ സംഘത്തില്‍പെട്ട അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെയാണ് കാണാതായത്.സംഭവത്തില്‍ യാത്രയ്ക്ക് നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള ഒരു പുരോഹിതന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന് പരാതി നല്‍കി.പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ സംഘത്തില്‍ നിന്ന് കാണാതായത്.ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് ആയിരുന്നു യാത്ര സംഘടിപ്പിച്ചിരുന്നത്. 2006 മുതല്‍ ഈ പുരോഹിതന്‍ ഇസ്രയേലിലേക്ക് തീര്‍ഥാടക യാത്രകള്‍ നടത്തുന്നുണ്ട്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് യാത്ര സംഘടിപ്പിച്ചത്.ഫെബ്രുവരി 11 നാണ് ഇസ്രയേലില്‍ പ്രവേശിച്ചത്. 14 ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍വെച്ച് മൂന്ന് പേരെ കാണാതായി.പിന്നാലെ, 15 ന് പുലര്‍ച്ചെ ബെത്‌ലെഹേമിലെ ഹോട്ടലില്‍ നിന്ന് മറ്റു മൂന്നു പേരെയും കാണാതാകുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇസ്രയേല്‍ പോലീസ് ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാരിന്റെ ഔദ്യോഗിക സംഘത്തില്‍നിന്ന് കര്‍ഷകനെ കാണാതായത് വിവദമായതിനു പിന്നാലെയാണ് ആറു മലയാളികളെ കൂടി കാണാതാകുന്നത്. കര്‍ഷക സംഘത്തില്‍ നിന്ന് കാണാതായ ബിജു കുര്യനായി അന്വേഷണം നടക്കുകയാണ്.ബിജുവിന്റെ വിസ റദ്ദാക്കുന്നതില്‍ കൂടുതല്‍ തുടര്‍നടപടികള്‍ ഇന്ന് ഉണ്ടാകും. വിസ റദ്ദാക്കി തിരികെ അയക്കാന്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്ക് കത്ത് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ബിജു കുര്യനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. 
Leave A Reply

Your email address will not be published.