Verification: ce991c98f858ff30

‘കൊച്ചിയിലെ അപകടം ഞെട്ടിക്കുന്നത്, ഇനി ഒരു ജീവനും നഷ്ടമാവരുത്’: ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ ബസപകടത്തില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. അപകടത്തിൻ്റെ ദൃശ്യങ്ങള്‍ ‍ഞെട്ടിക്കുന്നതാണ്.

ഇത്തരത്തില്‍ ഇനി ഒരു ജീവനും നഷ്ടമാവരുത്. ബസിൻ്റെ അമിതവേഗം കണ്ടിട്ടും ട്രാഫിക് ഉദ്യോഗസ്ഥര്‍ നടപടി എടുത്തില്ലെന്ന് വിമര്‍ശിച്ച കോടതി നിയമലംഘനങ്ങള്‍ എത്രനാള്‍ നോക്കി നില്‍ക്കാനാവുമെന്നും ചോദിച്ചു.

ഡി.സി.പിയുടെ സാന്നിധ്യത്തിലാണ് ഹൈക്കോടതി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

സംഭവം ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി കോടതിയിൽ പറഞ്ഞു. കൊച്ചിയിൽ മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസിടിച്ചാണ് അപകടം.

സിഗ്നലിൽ നിന്ന് അമിത വേഗതയിൽ മുന്നോട്ടെടുത്ത ബസ് ഇടത് വശം ചേർന്ന് പോവുകയായിരുന്ന ബൈക്കിലിടിച്ചു. വൈപ്പിൻ സ്വദേശി ആന്‍റണി(46) തത്ക്ഷണം മരിച്ചു. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലായിരുന്നു അപകടം.

അപകടത്തിന് കാരണമായ ബസ് ഓടിച്ചത് അശ്രദ്ധയോടെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്തേ മതിയാവൂ. ഫ്രീ ലെഫ്റ്റ് സംവിധാനം തീരെ ഇല്ലെന്ന് കോടതി വിലയിരുത്തി.

അമിത വേഗതയും അപകടവും ഉണ്ടാക്കുന്ന ബസ്സുകൾക്കെതിരെ ശക്തമായ നടപടി വേണം. സംഭവത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡിസിപി യ്ക്ക് കോടതി നിർദ്ദേശം നൽകി.

 

Leave A Reply

Your email address will not be published.