കൊട്ടാരക്കര: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ മേടാതിരുവാതിര മഹോത്സവത്തിനിടെ ഷോക്കേറ്റ് ഒരാൾ മരണപ്പെട്ടു. മൈക്ക് ഓപ്പറേറ്റർ വെളിയം കായില സ്വദേശി വിഷ്ണു ചന്ദ്രൻ(30) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്ക് ശേഷം മൈക്ക് സിസ്റ്റം അഴിച്ചു മാറ്റുന്നതിനിടയിൽ ജിഷ്ണുവിന് ഷോക്കേൽക്കുകയായിരുന്നു.
സ്റ്റേജ് ഷോ നടത്താനായി ക്ഷേത്രത്തിന് പുറത്ത് പാർക്കിങ് ഗ്രൗണ്ടിൽ പ്രത്യേകം സജികരിച്ചിരിക്കുന്ന പന്തലിൽ വെച്ചാണ് ഷോക്കേറ്റത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ വൈദ്യുതി വിഛേദിച്ചതിന് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവസ്ഥലത്ത് ഉടൻതന്നെ കൊട്ടാരക്കര പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. മൃതശരീരം കൊട്ടാരക്കര താലൂക്ക് ആശുപതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.