Verification: ce991c98f858ff30

അദാനി എന്റർപ്രൈസസിന്റെ ഓഹരികളിൽ വൻ ഇടിവ്

NATIONAL NEWS – മുംബൈ : അദാനി എന്റർപ്രൈസസിന്റെ അനുബന്ധ ഓഹരി വിൽപന റദ്ദാക്കിയിട്ടും അദാനി ഓഹരികളിൽ തകർച്ച തുടരുന്നു.

അദാനി എന്റർപ്രൈസസ് ഓഹരി വില 26 ശതമാനത്തോളം ഇടിഞ്ഞു. അദാനി എന്റപ്രൈസസിനു പുറമേ അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ടോട്ടൽ ഗ്യാസ് എന്നീ ഓഹരികളും പത്തുശതമാനത്തോളം ഇടിഞ്ഞു.

അദാനി പോർട്സ്, അദാനി പവർ തുടങ്ങിയ ഓഹരികൾ അഞ്ചു ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ഗ്രൂപ്പിന് വായ്പ നൽകിയിട്ടുണ്ടെങ്കിൽ അറിയിക്കാൻ റിസർവ് ബാങ്ക്, ബാങ്കുകളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഏഴര ലക്ഷം കോടിയോളം രൂപയാണ് അദാനി ഗ്രൂപ്പിന്റെ മൂല്യത്തിൽ ഇടിവുണ്ടായത്.

ഓഹരി വിപണിയിലും ചാഞ്ചാട്ടം തുടരുകയാണ്. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 430 പോയിന്റും നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം കുറച്ചു.

അതിനിടെ സ്വർണവില ഗ്രാമിന് 60 രൂപ വർധിച്ച് 5,360 ആയി. പവന് 480 രൂപ ഉയർന്ന് 42,880 ആയി.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചതാണ് ആഗോളതലത്തിൽ സ്വർണവില ഉയരാൻ കാരണം. നാണ്യപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് 4.5-ൽ നിന്ന് 4.75 ശതമാനമായി ഉയർത്തിയത്.

Leave A Reply

Your email address will not be published.