കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച ഹർഷിന സമരം അവസാനിപ്പിച്ചു.
ആരോഗ്യമന്ത്രി സമരപന്തലിലെത്തി ഹർഷിനയെ സന്ദർശിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
നീതി ലഭ്യമാക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം പിന്‍വലിക്കാന്‍ ഹര്‍ഷിന തീരുമാനിച്ചത്.
ഹര്‍ഷിനയ്ക്ക് നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഹര്‍ഷിനയെ അറിയിച്ചിട്ടുണ്ട്. ഉടന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനം എടുത്ത് ഹര്‍ഷിനയെ അറിയിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പൂര്‍ണമായി നീതി ലഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുകയാണെന്ന് ആരോഗ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെ കണ്ട ഹര്‍ഷിന പറഞ്ഞു.
ഹര്‍ഷിനയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍. സിസ്റ്റത്തില്‍ എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട്.
അതുകൊണ്ടാണ് രണ്ടാമതും അന്വേഷണത്തിന് നിര്‍ദേശിച്ചത്. എങ്കില്‍ മാത്രമേ തെറ്റുകള്‍ തിരുത്താന്‍ സാധിക്കൂ. കഴിഞ്ഞ ദിവസമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇത് പരിശോധിക്കേണ്ടതുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.