കൊച്ചി: റബര്‍ വില മുന്നൂറു രൂപയാക്കുന്നവര്‍ക്കൊപ്പം മലയോര ജനത നില്‍ക്കുമെന്ന ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്‌ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം. കര്‍ഷകരുടെ ആത്മാഭിമാനത്തെ മുന്നൂറുരൂപയ്ക്ക് പണയം വയ്ക്കുന്നതാണ് ബിഷപ്പിൻ്റെ പ്രസ്താവനയെന്ന് സത്യദീപം കുറ്റപ്പെടുത്തി.
ബിജെപിക്ക് എംപിയെ നല്‍കിയാല്‍ എല്ലാം ശരിയാകുമെന്ന പ്രസ്താവന ബാലിശമാണെന്നും സത്യദീപം എഡിറ്റോറിയലില്‍ പറഞ്ഞു. കരം നീട്ടിത്തരുന്നവൻ്റെ യോഗ്യതയും ഉദ്ദേശവും പരിശോധിക്കണം. ബഫര്‍ സോണ്‍, വന്യമൃഗശല്യം, താങ്ങാകാത്ത താങ്ങുവില തുടങ്ങിയ വിഷയങ്ങളില്‍ എല്ലാം സര്‍ക്കാരിൻ്റെ അവഗണന കര്‍ഷകര്‍ സഹിക്കുന്നുണ്ടെന്നും സത്യദീപം വിമര്‍ശിച്ചു. റബ്ബറിൻ്റെ വില മുന്നൂറ് രൂപയാക്കിയാല്‍ പോലും ഇന്ധനവില ജീവിതം ദുരിതമാക്കുകയാണ്. റബ്ബര്‍ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാമെന്ന ചിന്ത ആരുടെ ബുദ്ധിയാണ്? ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ആര്‍എസ്എസിൻ്റെ അതിക്രമങ്ങള്‍ എങ്ങനെയാണ് മറക്കാനാകുകയെന്നും സത്യദീപം ചോദിച്ചു.