KERALA NEWS TODAY – കൊച്ചി : ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലുൾപ്പെടെയുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.
വധശ്രമക്കേസിൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത് മരവിപ്പിക്കണമെന്നും കീഴ് കോടതിയുടെ കണ്ടെത്തൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കവരത്തി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്തു.
ഫൈസൽ ഉൾപ്പടെയുള്ളവർക്ക് ഉപാധികളോടെ ജാമ്യവും അനുവദിച്ചു.
മുൻ കേന്ദ്രമന്ത്രി പിഎം സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പത്തു വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച കവരത്തി സെഷൻസ് കോടതി ഉത്തരവിനെതിരെ ഫൈസലും സയിദ് മുഹമ്മദ് നൂറുൽ അമീൻ,
മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നീ പ്രതികളും നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറഞ്ഞത്.
ശിക്ഷ വിധിച്ചതിനു പിന്നാലെ അയോഗ്യനാക്കി ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പു നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്നാണ് കുറ്റക്കാരനായി കണ്ട കോടതി ഉത്തരവ് മരവിപ്പിക്കാൻ ഫൈസൽ അപേക്ഷ നൽകിയത്.
കൗണ്ടർ കേസ് നൽകിയത് വിചാരണ കോടതി പരിഗണിച്ചില്ലെന്നണ് പ്രധാന പരാതി.
മുഹമ്മദ് ഫൈസലിന്റെ പങ്ക് കൃത്യമായ സാക്ഷി മൊഴികളിലും തെളിവുകളിലും നിന്ന് വ്യക്തമാണ്. സാക്ഷി മൊഴികൾ പരുക്കുമായി പൊരുത്തപ്പെടുന്നതാണ്.
ആയുധങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിരുന്നു