തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സഭയിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അസാധാരണ പരാമർശം നടത്തുകയും ഷാഫി പറമ്പിൽ തോറ്റുപോകുമെന്നും പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിനെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ.
ഷാഫി പറമ്പിൽ തോൽക്കും അല്ലെങ്കിൽ തോൽപിക്കും എന്ന് സിപിഎം പറയുമ്പോൾ അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ ബിജെപിയെ ജയിപ്പിക്കും എന്നല്ലേ എന്ന് അദ്ദേഹം ചോദിച്ചു.
നാടിന് വേണ്ടി, ശുദ്ധ വായുവിന് വേണ്ടി നിയമസഭയിൽ ശബ്‍ദം ഉയർത്തിയതിന്‍റെ പേരിലാണ് ഭീഷണി.
മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര്‍ സമ്മതിക്കില്ലായെന്ന് മാത്രം. അവിടെ ബിജെപിയെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോല്‍പ്പിക്കുവാൻ ഇത്തവണയും നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്.
പാലക്കാട് പിടിക്കാൻ നരേന്ദ്ര മോദിയും അമിത് ഷായും പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല.
പിന്നല്ലേ ഷംസീർ. വിജയൻ പറയും പോലെയല്ല ‘ഇത് ജനുസ്സ് വേറെയാണ്’ എന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബ്രഹ്മപുരം പ്രശ്നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരായ പോലീസ് നടപടിയിലാണ് ഇന്ന് പ്രതിപക്ഷം സഭയില്‍ പ്രതിഷേധം കടുപ്പിച്ചത്.
സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. അടിയന്തരപ്രമേയമായി വിഷയം പരിഗണിക്കാനാവില്ലെന്നും സബ്മിഷൻ ആയി ഉന്നയിക്കാം എന്നുമായിയരുന്നു സ്പീക്കർ എ എന്‍ ഷംസീറിന്‍റെ നിലപാട്. അതിനിടെ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന സ്പീക്കറുടെ പരാമര്‍ശം പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.