KERALA NEWS TODAY – കല്‍പ്പറ്റ: മോഷ്ടാവെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിശ്വനാഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി എം.പി തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് കല്‍പ്പറ്റയിലെ അഡ് ലൈഡ് പാറവയല്‍ കോളനിയിലെ വീട്ടിലെത്തി വിശ്വനാഥന്റെ കുടുംബത്തെക്കണ്ട് രാഹുല്‍ ആശ്വസിപ്പിച്ചത്.
പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, ടി.സിദ്ദീഖ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
വയനാടുനിന്ന് ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു വിശ്വനാഥന്‍.
ഇതിനിടെ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദിക്കുകയായിരുന്നെന്നാണ് ആരോപണം. രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുന്നതിനിടെ ഒരാളുടെ പഴ്‌സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.
ഇത് മോഷ്ടിച്ചത് വിശ്വനാഥനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ കോളേജിന് സമീപത്തുള്ള സ്ഥലത്താണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അപമാനഭാരം സഹിക്കവയ്യാതെ മകന്‍ ആത്മഹത്യ ചെയ്തെന്നാണ് വിശ്വനാഥന്റെ കുടുംബം ആരോപിക്കുന്നത്.
എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വനാഥന് കുഞ്ഞു പിറന്നതെന്നും ആത്മഹത്യ ചെയ്യേണ്ട മറ്റു കാരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ആരോപണമുണ്ട്.
അതേസമയം, വിശ്വനാഥനെ മര്‍ദിച്ചതിന്റെ തെളിവുകള്‍ ലഭിച്ചില്ലെന്നും സി.സി.ടി.വി പരിശോധനയിലൊന്നും അത്തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെന്നും പോലീസ് പറയുന്നു.