പാലക്കാട്: മധുവിന് നീതികിട്ടിയിട്ടില്ലെന്നും ശിക്ഷ തൃപ്തികരമല്ലെന്നും മധുവിൻ്റെ കുടുംബം. മണ്ണാര്‍ക്കാട്ടെ പട്ടികജാതി പട്ടികവര്‍ഗ കോടതിയില്‍ നിന്ന് നീതിലഭിച്ചില്ലെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അമ്മയും സഹോദരിയും മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ സഹായം വേണമെന്നും പ്രൊസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെടും. കൂറുമാറിയവര്‍ക്കെതിരെ ഉള്‍പ്പെടെ നടപടിക്കായി പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
കോടതി വാദികൾക്കൊപ്പമായിരുന്നില്ലെന്ന് മധുവിൻ്റെ സഹോദരി പറഞ്ഞു. കേസിനെ പ്രതികൾ അട്ടിമറിച്ചു. നാല് വർഷം ആരും ഒപ്പമുണ്ടായിരുന്നില്ല. ആ സമയം പ്രതികൾക്ക് അനുകൂലമായ രീതിയിൽ സാക്ഷികളെ സ്വാധീനിക്കാനടക്കം സാധിച്ചുവെന്നും നീതി തേടി മേൽക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്ക് ഏഴ് വർഷം കഠിന തടവാണ് മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. പ്രതികൾക്ക് നൽകിയ ശിക്ഷ നന്നേ കുറഞ്ഞുപോയെന്ന് മധുവിൻ്റെ അമ്മയും പ്രതികരിച്ചു.