കൊല്ലം: വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കൊല്ലത്ത് അമൃതാനന്ദമയി മഠംത്തിലെ സന്ദര്‍ശനത്തിന് ശേഷം മടങ്ങി പോകും വഴിയാണ് ശ്രയിക്കാട് ജിഎല്‍പിഎസിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ചോക്ലേറ്റ് വിതരണം ചെയ്തത്. വഴിയില്‍ കാത്തു നിന്ന വിദ്യാര്‍ത്ഥികളെ കണ്ട് രാഷ്ട്രപതി വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു.
രാവിലെ ദേശീയ പാതയിലൂടെ പോകുന്നതിനിടെയാണ് കരുനാഗപ്പള്ളിയില്‍ വഴിയരികില്‍ കാത്തുനിന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് വാഹനത്തില്‍ നിന്ന് ഇറങ്ങി രാഷ്ട്രപതി ചോക്ലേറ്റ് വിതരണം ചെയ്തത്. ഇതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. റോഡരികില്‍ കാത്തുനിന്ന കുട്ടികള്‍ കൈവീശി കാണിക്കുന്നത് കണ്ടപ്പോള്‍ വാഹനം നിര്‍ത്താന്‍ രാഷ്ട്രപതി ആവശ്യപ്പെടുകയായിരുന്നു.
വാഹനം നിര്‍ത്തി തങ്ങള്‍ക്കരികിലേക്കെത്തിയ രാഷ്ട്രപതിയെ കണ്ട് കുട്ടികള്‍ ആദ്യം അമ്പരന്നെങ്കിലും ചോക്ലറ്റ് ലഭിച്ചതോടെ ആവര്‍ ഹാപ്പിയായി. കുറച്ചു സമയം അവര്‍ക്കൊപ്പം ചിലവഴിച്ചാണ് ദ്രൗപതി മുര്‍മു തിരികെ വാഹനത്തിലേക്ക് കയറിയത്. ചോക്ലേറ്റ് ലഭിച്ച കുട്ടികള്‍ ഓരേ സ്വരത്തില്‍ ദ്രൗപദി മുര്‍മുവിനോട് നന്ദി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. രാവിലെ അമൃതപുരി ആശ്രമം സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് നടന്ന കുടുംബശ്രീയുടെ രജതജൂബിലി ഉദ്ഘാടനത്തിലും രാഷ്ട്രപതി പങ്കെടുത്തു.