Kerala News Today-കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് ക്ലാസിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി കയറിയിരുന്നെന്ന പരാതിയിൽ ക്രിമിനൽ കേസെടുക്കാനാവില്ലെന്ന് പോലീസ്. വിദ്യാര്‍ത്ഥിനി ആൾമാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല.
നാല് ദിവസം ക്ലാസിൽ കയറിയത് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് തെളിഞ്ഞതായും അന്വേഷണം അവസാനിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മെഡിക്കല്‍ കോളജിലെ രേഖകളും പോലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് വ്യാജ രേഖകളോ മറ്റോ ഉപയോഗിച്ചല്ല ക്ലാസില്‍ ഇരുന്നതെന്ന് തെളിഞ്ഞത്.
എന്നാല്‍ മെഡിക്കല്‍ കോളജിൻ്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്നാണ് പോലീസ് കണ്ടെത്തല്‍.
മെഡിക്കല്‍ കോളജിലെ അധ്യാപകന് തന്നെയാണ് കുട്ടിയുടെ പേര് ഹാജര്‍ രജിസ്റ്ററില്‍ ചേര്‍ത്തത്. സാധാരണ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആദ്യ ക്ലാസിലെത്തുമ്പോള്‍ അഡ്മിറ്റ് കാര്‍ഡ് പരിശോധിക്കാറുണ്ട്. പക്ഷേ ആ ദിവസം നിരവധി കുട്ടികള്‍ വൈകിയെത്തിയിരുന്നു.
തുടര്‍ന്ന് വൈകിയെത്തിയവരുടെ പേര് മാത്രം ചോദിച്ച് ഹാജര്‍ ബുക്കില്‍ അധ്യാപകന് രേഖപ്പെടുത്തുകയായിരുന്നു. മറ്റ് രേഖകള്‍ പരിശോധിച്ചിരുന്നില്ല. പിന്നാലെ അടുത്ത ദിവസങ്ങളിലും ഈ പേര് വിളിച്ചാണ് അധ്യാപകര്‍ ഹാജര്‍ രേഖപ്പെടുത്തിയത്.
പ്രവേശന പരീക്ഷയെഴുതിയിരുന്നെന്നും പ്രവേശനം കിട്ടുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥിനി. എന്നാല്‍ പ്രവേശനം കിട്ടാതിരുന്ന സമയത്താണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് ക്ലാസ് ആരംഭിച്ച വിവരമറിഞ്ഞത്.
അവിടെ പെണ്‍കുട്ടി എത്തുകയും ചെയ്തു. പുറത്ത് നിന്നൊരു ഫോട്ടോ എടുത്ത് മടങ്ങാം എന്നാണ് ആദ്യം കുട്ടി കരുതിയത്.
ആ സമയത്ത് മറ്റ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറുന്നത് കണ്ട പെണ്‍കുട്ടിയും അവര്‍ക്കൊപ്പം കയറി.
ഹാജര്‍ ബുക്കില്‍ പേര് വിളിച്ചതോടെ മറ്റ് പ്രശ്നങ്ങളില്ലെന്ന് കരുതി നാല് ദിവസം ക്ലാസില്‍ തുടരുകയായിരുന്നു.
ഒടുവില്‍ പിടിക്കപ്പെടുമെന്ന് മനസിലാക്കിയപ്പോള്‍ ക്ലാസില്‍ വന്നില്ല. ആ സമയത്താണ് മെഡിക്കല്‍ കോളജ് അധികൃതരും തെറ്റ് മനസിലാക്കിയത്.
Kerala News Today Highlight – Incident of plus two student sitting in MBBS class.