കോഴിക്കോട്: രാത്രിയിൽ നഗരത്തിലെ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ആറു പേർക്കെതിരെ വധശ്രമക്കേസ്. മനപൂർവമുള്ള നരഹത്യാശ്രമം, ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ചുമത്തിയാണ് നടക്കാവ് പോലീസ് ആണ് കേസെടുത്തത്.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ.പി കെ അശോകനാണ് ഇന്നലെ മർദനമേറ്റത്. സംഭവത്തിൽ ഐഎംഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഡോക്ടർക്ക് നേരെ ഉണ്ടായ ആക്രമണം കാടത്തമാണെന്നും ആശുപത്രി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും ഐഎംഎ പറഞ്ഞിരുന്നു.
ഇതിനെതിരെ സമര പരിപാടികളുമായി മുന്നോട്ടു പോകാൻ ഐഎംഎ തീരുമാനിച്ചതിന് പിന്നാലെയാണ് നടക്കാവ് പോലീസ് സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തത്. യുവതിക്ക് പ്രസവത്തെ തുടർന്ന് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ആശുപത്രി കൗണ്ടറിൻ്റെ ചില്ലുകൾ യുവതിയുടെ ബന്ധുക്കൾ അടിച്ചു തകർത്തു. ഇത് ചോദ്യം ചെയ്യാനെത്തിയ ഡോക്ടറെ ബന്ധുക്കൾ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.