KERALA NEWS TODAY – മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്തിയ യുവാവ് പോലീസ് പിടിയില്‍.
മലപ്പുറം ആലങ്കോട് സ്വദേശി അബ്ദുള്‍ വാസിത്തി(38)നെയാണ് വിമാനത്താവളത്തിൽ നിന്നും എട്ടുകിലോമീറ്റര്‍ അകലെവെച്ച് പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് 672 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണത്തിന് വിപണിയില്‍ 38 ലക്ഷം രൂപവിലവരും.
വ്യാഴാഴ്ച രാവിലെ അബുദാബിയില്‍നിന്നുളള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് വാസിത്ത് കരിപ്പൂരിലെത്തിയത്.
മൂന്ന് ക്യാപ്‌സ്യൂളുകളാക്കി സ്വര്‍ണമിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന . ഇയാള്‍ 8.15-ഓടെ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി.
തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി വിമാനത്താവളത്തില്‍നിന്ന് പുറത്തേക്ക് പോയെങ്കിലും പോലീസ് ഇവരെ പിന്തുടരുകയായിരുന്നു.
എട്ട് കിലോമീറ്റര്‍ അകലെ ഒരു ഹോട്ടലിന്റെ മുന്നില്‍വെച്ചാണ് ഇവരുടെ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ കയറി നടത്തിയ പരിശോധനയില്‍ വാസിത്തിനെ കണ്ടെത്തുകയും ഇയാളില്‍നിന്ന് മൂന്ന് ക്യാപ്‌സ്യൂളുകളും പിടിച്ചെടുക്കുകയുമായിരുന്നു.
വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഇയാള്‍ ശരീരത്തിനുള്ളില്‍നിന്ന് ക്യാപ്‌സ്യൂളുകളെല്ലാം പുറത്തെടുത്തിരുന്നതായും പാന്റ്‌സിന്റെ പോക്കറ്റില്‍നിന്നാണ് ഇവ കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു.
പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോര്‍ട്ട് നല്‍കും. ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന ഏഴാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.