ഇടുക്കി: ഇടുക്കി കാഞ്ചിയാറിലെ അനുമോള്‍ വധക്കേസിലെ പ്രതി വിജേഷ് അറസ്റ്റില്‍. അനുമോളുടെ ഭര്‍ത്താവായ പ്രതിയെ തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍നിന്നാണ് പിടികൂടിയത്. കട്ടിലിനടിയില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ കഴിഞ്ഞയാഴ്ചയാണ് അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ വിജേഷ് ഒളിവില്‍ പോയിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ കുമളി അട്ടപ്പള്ളത്തിന് സമീപം തമിഴ്‌നാട് അതിർത്തിയിലെ വനത്തിൽ നിന്നു പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. കാഞ്ചിയാർ പള്ളിക്കവലയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. മകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് കട്ടപ്പന പോലീസിൽ മകളെ കാണാനില്ലെന്നു പരാതി നൽകി.
പിന്നീട് ഏകമകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള തൻ്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ തിങ്കളാഴ്ച ഈ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. തുടർന്ന് അനുമോളുടെ മാതാപിതാക്കളും സഹോദരനും ചൊവ്വാഴ്ച വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയും പരിശോധനക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.