Kerala News Today-കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ബാങ്ക് മാനേജര്‍ എം.പി റിജില്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കോടികള്‍ തട്ടിയതായി കണ്ടെത്തി.
കോര്‍പ്പറേഷന്റെ എട്ട് അക്കൗണ്ട് അടക്കം പതിനേഴ് അക്കൗണ്ടുകളില്‍നിന്ന് നഷ്ടപ്പെട്ടത് ഇരുപത്തിയൊന്നരക്കോടി രൂപ.
പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചാബ് നാഷനല്‍ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറി.
ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്. ഇതുവരെ നടന്ന പരിശോധനയില്‍ 12 കോടി 64 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
സ്വകാര്യ വ്യക്തിയുടെ ഒരു അക്കൗണ്ടില്‍ നിന്ന് മാത്രം 18 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. രേഖകളില്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്.
പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്ക്, കോര്പ്പറേഷന് എന്നിവയുടെ രേഖകള്‍ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും.
തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം പി റിജിലിന്റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെട ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.
15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പ്പറേഷന്റെ പരാതി. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരുമെന്നാണ് സൂചന.
കേസിലെ പ്രതി എം പി റിജില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോഴിക്കോട് ജില്ല കോടതി പരിഗണിക്കും. കഴിഞ്ഞ 29ാം തിയതി മുതല്‍ റിജില്‍ ഒളിവിലാണെന്നാണ് പോലീസ് വിശദീകരണം.
Kerala News Today Highlight – Punjab National Bank Fraud: 21.50 crore recovered.