Verification: ce991c98f858ff30

റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച പത്തനാപുരം സ്വദേശി പിടിയിൽ

കൊല്ലം: തമിഴ്നാട് തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിക്ക് നേരെ ലൈം​ഗിക അതിക്രമണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഇരുപത്തിയെട്ടുകാരനായ ഇയാളെ ചെങ്കോട്ടയിൽ വച്ചാണ് പിടികൂടിയത്.ഇയാൾ തെങ്കാശിയിൽ പെയിന്റിങ് തൊഴിലാളിയായിരുന്നു. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു.അനീഷിനെ പിടികൂടാൻ സഹായകമായത് ഇയാൾ ധരിച്ചിരുന്ന കാക്കി പാന്‍റ്സ് ആണ്.സിസിടിവി ദൃശ്യങ്ങൾ വിലയിരുത്തിയാണ് പ്രതിയെ കണ്ടെത്തിയത്. അതിക്രമം ഉണ്ടായ സ്ഥലത്ത് അനീഷിന്‍റെ ഒരു ചെരുപ്പ് ഉണ്ടായിരുന്നു. ഇതിൽ പെയിന്‍റ് വീണ പാടുകളും ഉണ്ടായിരുന്നു. ഇതാണ് പ്രതി പെയിന്‍റിങ് തൊഴിലാളിയാണെന്ന നിഗമനത്തിലേക്ക് എത്തിയത്.ഇതേ തുടർന്ന് സമീപ പ്രദേശങ്ങളിലെ നിർമാണ ഇടങ്ങളിലെ സംശയമുള്ള തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. അനീഷ് കുന്നിക്കോട് പോലീസ് സ്റ്റേഷനിലെ ബലാത്സംഗ കേസ് പ്രതിയാണ്.ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് വഴങ്ങിയില്ലെങ്കിൽ അവരെ ആക്രമിച്ചു കിഴ്‌പ്പെടുത്തുന്നതാണ് അനീഷിന്‍റെ രീതിയെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്.ഷർട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പോലീസിന് മൊഴി നൽകിയിരുന്നു.ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നൽകി. അതിക്രൂരമായ മർദ്ദനമാണുണ്ടായതെന്ന് ജീവനക്കാരിയുടെ കുടുംബവും പറയുന്നു. യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല എന്നാണ് ജീവനക്കാരിയുടെ മാതാപിതാക്കളുടെ ആരോപണം.
Leave A Reply

Your email address will not be published.