പത്തനംതിട്ട: മണല്‍ കടത്തുകാരനോട് പാര്‍ട്ടി ഫണ്ടിനെന്ന പേരില്‍ പതിനയ്യായിരം രൂപ ആവശ്യപ്പെട്ട സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. പത്തനംതിട്ട കുറിയന്നൂര്‍ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇന്ന് ചേര്‍ന്ന തോട്ടപ്പുഴശ്ശേരി ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.
പണം നൽകിയില്ലെങ്കിൽ മണൽ വാരുന്നതിനെതിരെ പോലീസിൽ പരാതി കൊടുക്കും എന്നായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര മാർച്ച് 14 നാണ് പത്തനംതിട്ടയിൽ എത്തുന്നത്. ജാഥയുടെ സ്വീകരണ പരിപാടിയുടെ സംഘാടനത്തിനെന്ന പേരിലാണ് പ്രാദേശിക അടിസ്ഥാനത്തിലുള്ള പണപ്പിരിവ്.
ഇതിൻ്റെ ഭാഗമായാണ് തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യു പണപ്പിരിവിനായി മണൽ കടത്തുകാരെ സമീപിച്ചത്. 15000 രൂപ പിരിവ് നൽകണമെന്നായിരുന്നു ആവശ്യം. ഇത് ഭീമമായ തുകയാണെന്നും 4000 രൂപ വരെ നൽകാമെന്നും തോട്ടപ്പുഴശ്ശേരിയിലെ മണൽക്കടത്തുകാരൻ പറയുന്നുണ്ട്. എന്നാൽ പതിനയ്യായിരം രൂപ വേണമെന്ന് അരുൺ മാത്യു വാശിപിടിച്ചു.
പണം കൊടുക്കാൻ കഴിയില്ലെന്ന് മണൽ കടത്തുകാരൻ ആവർത്തിച്ചതോടെ സംഭാഷണം ഭീഷണിയിലേക്ക് മാറി. മണൽ വാരുന്ന വിവരം സിപിഎമ്മിന് അറിയാമെന്നും പാർട്ടിയെ എതിർത്താൽ ഒന്നും നടക്കില്ലെന്നും ബ്രാഞ്ച് സെക്രട്ടറി പറയുന്നുണ്ട്. പരിപാടിക്കായി പണം നൽകിയാൽ നൂറുകണക്കിന് ലോഡ് മണൽ വാരാൻ അനുവദിക്കാമെന്ന് അരുൺ മാത്യു പറയുന്നതും ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്. പ്രചരിക്കുന്ന ശബ്ദ സന്ദേശം എഡിറ്റ് ചെയ്തതാവാം എന്നായിരുന്നു അരുൺ മാത്യുവിൻ്റെ പ്രതികരണം.