Kerala News Today-കൊച്ചി: വിവാദങ്ങൾക്ക് പിന്നാലെ ഫോർട്ട്കൊച്ചിയിലെ പപ്പാഞ്ഞിയുടെ മുഖം മാറ്റി കാർണിവൽ സംഘാടകർ.
പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖച്ഛായയുണ്ടെന്നാരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് മുഖം മാറ്റിയത്.
താടി നീട്ടി, കൊമ്പൻ മീശ വച്ചാണ് പപ്പാഞ്ഞിയുടെ രൂപമാറ്റം വരുത്തിയത്. കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ചു പുതുവർഷ ആഘോഷങ്ങൾക്കു തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത ആരോപണങ്ങളും പ്രതിഷേധവും ഉയർന്നത്.
കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു മുഖം സ്ഥാപിച്ചെങ്കിലും ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയിൽ പെട്ടത്. ഇതോടെ പ്രതിഷേധം ഉയർത്തി പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ഇതോടെ പാപ്പാഞ്ഞി നിർമാണം നിർത്തിവച്ചു.
പ്രശ്നം വഷളായതോടെ സംഘാടകരും പോലീസും സ്ഥലത്തെത്തി. സാമ്യം യാദൃശ്ചികമാണെന്ന വാദം സംഘാടകർ ഉയർത്തിയെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങാൻ തയാറായില്ല. മുഖം മാറ്റാമെന്ന ഉറപ്പു നൽകിയതോടെയാണ് പ്രവർത്തകർ പിൻവാങ്ങിയത്. കൊച്ചിയിൽ പുതുവർഷം പിറക്കുമ്പോൾ പഴയവർഷത്തോടൊപ്പം പാപ്പാഞ്ഞിയും കത്തിത്തീർന്നിട്ടുണ്ടാകും. ഇതു കത്തിക്കുന്നതു കാണാൻ പതിനായിരങ്ങളാണ് എല്ലാ വർഷവും കൊച്ചിയിലെത്തുന്നത്.
Kerala News Today Highlight – Pappanji’s face was changed by the carnival organizers.