NATIONAL NEWS – ന്യൂഡൽഹി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നാണ് പുതിയ ആവശ്യം.
ചര്‍ച്ചയ്ക്ക് തയാറെന്ന് വ്യക്തമാക്കി ദുബായിലെ മാധ്യമത്തിന് നല്കിയ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണക്കുറുപ്പിറക്കി.
ചര്‍ച്ചക്ക് തയ്യാറെന്ന പ്രസ്താവനക്കെതിരെ ഇമ്രാന് ഖാന്റെ പാര്‍ട്ടി രംഗത്ത് വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ചര്‍ച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നത്. അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചര്‍ച്ചക്ക് താതപര്യം പ്രകടിപ്പിച്ചത്.
പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ് സമാധാന അഭ്യർത്ഥന മുന്നോട്ട് വച്ചത്. ഇരു രാജ്യങ്ങളും അയൽക്കാരാണ്. എന്നും അടുത്തടുത്ത് കഴിയേണ്ടവർ.
കലഹമല്ല, വികസനമാണ് വേണ്ടത് എന്ന് വിശദീകരണകുറിപ്പില്‍ പറയുന്നു.
പണവും സംവിധാനങ്ങളും പാഴാകാൻ മാത്രമേ സംഘർഷം ഉപകരിക്കൂ. പാകിസ്ഥാനും ഇന്ത്യയുമായി മൂന്നു തവണ യുദ്ധം ഉണ്ടായി. ദുരന്തവും പട്ടിണിയും മാത്രമാണ് യുദ്ധംകൊണ്ട് ഉണ്ടായത്. യുദ്ധങ്ങളിൽനിന്ന് പാകിസ്ഥാൻ പാഠം പഠിച്ചു.
ആണവായുധ ശക്തിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു സംഘർഷം ഉണ്ടായാൽ എന്താകും സംഭവിക്കുക? ഇതായിരുന്നു പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രസ്താവന തിരുത്തി അദ്ദേഹം വിശദീകരണകുറിപ്പ് പുറത്തിറക്കിയത്.